കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ല: സിപിഎം

single-img
27 September 2022

കേരളാ സന്ദർശനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിൽ സാമുദായിക സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പി ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ആർഎസ്എസും പോപ്പുലർ ഫ്രണ്ടും നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നിലനിൽക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാൻ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വർഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവർത്തകർ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് മരണങ്ങളാണ് ഉണ്ടായതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ സാമുദായിക സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത് . ഇതുപോലെയുള്ള പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ആർഎസ്എസിനോട് ബിജെപി അധ്യക്ഷൻ ഉപദേശിക്കുന്നതാണ് നല്ലത്.

സംസ്ഥാനത്തെ എല്ലാ തീവ്രവാദ സംഘടനകളുടെയും അക്രമ പ്രവർത്തനങ്ങൾക്കെതിരെ എൽഡിഎഫ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവെന്നും കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പി ബി പ്രസ്താവനയില്‍ പറഞ്ഞു.