നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്: സുരേഷ് ഗോപി

single-img
23 April 2024

പൂര വിവാദം തൃശ്ശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്. പ്രചാരണ ഭാഗമായി ഇന്നസെൻ്റിൻ്റെ ചിത്രം ഫ്ലെക്സിൽ ഉപയോഗിച്ചതിൽ അനൗചിത്യമുണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തൃശൂർ പൂരത്തിൽ സർക്കാരിന് വീഴ്ചയുണ്ട്. ആരോപണങ്ങളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്. ഇതോടൊപ്പം ബിജെപി – സിപിഎം അന്തർധാരയെന്ന ആരോപണത്തിൽ സുരേഷ് ഗോപി കെ മുരളീധരന് മറുപടി നൽകി.

സിപിഎമ്മിന്റെ കാര്യം സിപിഎം നോക്കിക്കോളും.മുരളീധരൻ കോൺഗ്രസിന്റെ കാര്യം നോക്കുക. സിപിഎമ്മിന്റെ സംഘടനാപരമായ സംവിധാനത്തെ കെ മുരളീധരൻ അവിശ്വസിക്കേണ്ടതില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.