ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം: പി ജയരാജൻ

single-img
1 March 2024

തന്നെ വധിക്കാൻ ശ്രമിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി പി ജയരാജൻ. ഇരയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് പി.ജയരാജൻ പറഞ്ഞു. കോടതി നീതീകരിക്കാനാവാത്ത ധൃതി കാണിച്ചുവെന്നും മറ്റൊരു ബെഞ്ചിലേക്ക് മാറേണ്ട കേസ് ധൃതിപ്പെട്ട് പരിഗണിച്ചുവെന്നും പി.ജയരാജൻ കുറ്റപ്പെടുത്തി.

ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതരെ ജനങ്ങൾ പ്രതികരിക്കണമെന്നും പ്രലോഭനങ്ങൾക്ക് വശംവദരാകാതെ നീതി ലഭ്യമാക്കാനുള്ള ബാധ്യത ന്യായാധിപർക്കുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.ജയരാജന്റെ പ്രതികരണം.

‘കീഴ്‌ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഞാൻ ഇരയായിട്ടുള്ള വധശ്രമ കേസിന്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാൻ വ്യക്തിപരമായി എടുക്കുന്നുമില്ല. എന്നാൽ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ ഇടപെടലുകൾ സാർവ്വത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങൾ സസൂക്ഷ്മം പിന്തുടർന്നിരുന്നു. കാരണം ആർ.എസ്.എസ്. പ്രമുഖൻ കൂടി പ്രതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 2023 ഡിസംബർ 20 നാണ് അപ്പീൽ ഹരജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

പരിഗണനക്കെടുത്തപ്പോൾ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയോടപേക്ഷിച്ചു . അപ്പീൽ ഹരജി കേൾക്കുന്നത് ക്രിസ്മസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്ന് ജഡ്ജ് പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 21ന് ഈ മൂന്ന് അപ്പീലുകളും പരിഗണനക്കായി പോസ്റ്റ് ചെയ്യുകയാണുണ്ടായത്. 21ന് ഈ കേസ് പരിഗണനക്കെടുത്തപ്പോൾ തലേ ദിവസത്തെ കോടതിയുടെ തീരുമാനം വെക്കേഷന് ശേഷം പരിഗണിക്കണമെന്നായിരുന്നുവെന്ന കാര്യം ഗവൺമെന്റ് പ്ലീഡർ ഓർമ്മിപ്പിച്ചു. അങ്ങനെയാവാമെന്ന് കോടതിയും. ക്രിസ്മസ് അവധിക്ക് ശേഷം 2024 ജനുവരി 4ന് കേസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെയാണ് അസ്വാഭാവികമായ നടപടിയുണ്ടായത്.

ഈ കേസ് ‘ഭാഗീകമായി കേട്ടു’ എന്നു കൂടി കോടതി രേഖപ്പെടുത്തി. യഥാർത്ഥത്തിൽ അപ്പീലുകളുടെ ഭാഗമായി ഒരു വാദവും ആരും ഉയർത്തിയിരുന്നില്ല. ഇത് ഇങ്ങനെ രേഖപ്പെടുത്തിയത് നീതിനിർവഹണ കാര്യത്തിൽ ഗൗരവമായ പ്രശ്‌നമാണ്. അപ്പീൽ പരിഗണിച്ച ബെഞ്ചിലെ വീഡിയോ ഫുട്ടേജ് പരിശോധിച്ചാൽ മേൽപറഞ്ഞതെല്ലാം വസ്തുതയാണെന്ന് വ്യക്തമാവും. കേസിന്റെ കാര്യത്തിൽ കോടതി കാണിച്ച നീതീകരിക്കാനാവാത്ത ധൃതി ശ്രദ്ധിക്കപ്പെടേണ്ടതാണ്.

അക്രമത്തിന്റെ ഇരയെന്ന നിലയിൽ അതിനാൽ തന്നെ എനിക്ക് നീതി ലഭിച്ചില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചത്’ പി.ജയരാജൻ കുറിച്ചു. ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് 2023 ഡിസംബർ 26ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് താൻ രേഖാമൂലം പരാതി നൽകിയതാണെന്നും എന്നാൽ ഇത് പരിഗണിക്കപ്പെട്ടില്ലെന്നും പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.