നവകേരള സദസിന് പണം നൽകി കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്


കെപിസിസി നിര്‍ദേശം തള്ളി കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് സംസ്ഥാന മന്ത്രിസഭയുടെ പര്യടനമായ നവകേരള സദസിന് പണം കൈമാറി. 50,000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് തരൂര്‍ എം എല്‍ എ സുമോദിന് കൈമാറുകയായിരുന്നു. താൻ നവകേരള സദസില്‍ പങ്കെടുക്കുമെന്നും മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയുടെ ജില്ലാ നേതൃത്വവുമായി തെറ്റിനില്‍ക്കുന്ന വിഭാഗമാണ് പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് ഭരിക്കുന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പണം നല്‍കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു.
പണം കൈമാറുന്നതിനൊപ്പം നവകേരള സദസില്‍ പങ്കെടുക്കാനാണ് ഗോപിനാഥിന്റെ തീരുമാനം. നിലവിൽ കെപിസിസി തീരുമാനം മറികടന്ന് നവകേരള സദസ്സിന് പണം കൈമാറിയതില്‍ ജില്ല നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.