പെരിന്തല്‍മണ്ണ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

single-img
19 January 2023

മലപ്പുറം:പെരിന്തല്‍മണ്ണ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.

പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൌണ്ടന്റ് രാജീവ്‌ എന്നിവരെയാണ് സംസ്ഥാന ട്രഷറി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.മലപ്പുറത്തെ സഹകരണ ജോയിന്‍റ് രജിസ്റ്റര്‍ ഓഫീസിലേക്ക് തെറ്റായി പെട്ടി നല്‍കിയതില്‍ ഇവര്‍ക്ക് വീഴ്ച പറ്റിയെന്ന് ട്രെഷറി മധ്യ മേഖല ഡെപ്യൂട്ടി ഡയരക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമെ സഹകരണ ജോയിന്‍റ് രജിസ്റ്റര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട് . വീഴ്ചകളെ കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണയിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കോടതിയില്‍ ഹാജരാക്കിയ തപാല്‍ വോട്ട് പെട്ടികള്‍ ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജിയിലാണ് തപാല്‍ വോട്ട് പെട്ടി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 348 തപാല്‍ വോട്ട് എണ്ണാതിരുന്ന നടപടിയാണ് തന്‍റെ തോല്‍വിയ്ക്ക് കാരണമെന്നാണ് ഹര്‍‍ജിക്കാരന്‍ ആരോപിക്കുന്നത്. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം പെരിന്തല്‍ മണ്ണയില്‍ വിജയിച്ചത്.