പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി;പ്ലസ് വൺ പുസ്തകത്തിലുണ്ടെന്ന വിശദീകരണവുമായി എൻസിഇആർടി

single-img
4 June 2023

ദില്ലി: പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി. പ്ലസ് വൺ പാഠപുസ്തകത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എൻസിഇആർടി വ്യക്തമാക്കി. പത്താം ക്ലാസിലെ പഠനഭാരം കുറയ്ക്കാനാണ് പീരിയോ‍ഡിക് ടേബിൾ ഒഴിവാക്കിയതെന്നും വിശദീകരണം.

കഴിഞ്ഞ ദിവസമാണ് എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് പാഠഭാ​ഗങ്ങൾ ഒഴിവാക്കിയത്. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. 

ഗാന്ധിവധം, മു​ഗൾ ചരിത്രം, ​ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രം​ഗത്തെ പ്രമുഖരടക്കം കേന്ദ്ര സർക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാ​ഗങ്ങളും ഒഴിവാക്കി. പാഠഭാ​ഗങ്ങൾ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.