ഫെമ ലംഘനം; തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇഡി ക്ക് ഹൈക്കോടതിയുടെ അനുമതി
ഫെമ നിയം ലംഘന കേസിൽ മുൻ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് പുതിയ സമൻസ് അയക്കാൻ ഇഡി ക്ക് അനുമതി നൽകി ഹൈക്കോടതി. മസാല ബോണ്ട് സമാഹരണത്തിലെ ഫെമ ലംഘന കേസിലാണ് പുതിയ നീക്കം. മസാല ബോണ്ട് സമാഹരിക്കാൻ കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും ആർ ബി ഐ യുടെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇ ഡി നടത്തുന്ന അന്വേഷണത്തിനെതിരെ തോമസ് ഐസക്കാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി അൻവശ്യമായി തനിക്ക് തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിൻറെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിൻറെ വാദം. തന്റെ ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ഹാജരാക്കണമെന്നും സമൻസിൽ അവശ്യപ്പെട്ടിരുന്നു.
ഈ കാര്യങ്ങളെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം തോമസ് ഐസക്കിന് നേരത്തെ അയച്ച സമൻസിൽ മാറ്റങ്ങൾ വരുത്തി പുതിയ സമൻസ് അയക്കാൻ തയ്യാറാണെന്ന് ഇഡി വ്യക്തമാക്കിയ സാഹചര്യത്തിലാണ് അനുമതി നൽകിയിട്ടുള്ളത് .