പേട്ടയിൽ സി.പി. എം ഭീഷണിയെ തുടർന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി


തിരുവനന്തപുരം:തിരുവനന്തപുരം പേട്ടയിൽ സി.പി. എം ഭീഷണിയെ തുടർന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി.രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി.ഹെൽമറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്. ഐ നേതാവിനു പിഴ നൽകിയതായിരുന്നു പ്രശ്നം. വ്യാപക എതിർപ്പിനെ തുടർന്നാണ് നടപടി തിരുത്തിയത്. പൊലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ പൊലീസ് തൊട്ടിട്ടില്ല.
ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിതിനായിരുന്നു പാർട്ടിക്കാർ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്. നടുറോഡിൽ പൊലിസും- പ്രവർത്തരുമായി കൈയാങ്കളിയും അസഭ്യവർഷവുംവരെയുണ്ടായി.സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയെത്തി പോർ വിളി നടത്തി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.
വാഹനപരിശോധനക്കിടെ എസ്ഐ അഭിലാഷും അസീമും ഡ്രൈവർ മിഥുനും മർദ്ദിച്ചുവെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി. പെറ്റിചുമത്തിയ എസ്ഐമാരെ സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കുകയായിരുന്നു, ഡ്രൈവറെയും എആർ ക്യാമ്പിലേക്ക് മടക്കി. ഇതിന് പിന്നാലെ ഇവർക്കെതിരെ നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ അന്വേഷണവും തുടങ്ങി. സ്റ്റേഷനുള്ളിൽ വച്ച് എസ്ഐ അഭിലാഷ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് കമ്മീഷണർക്ക് ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയും അന്വേഷിച്ചു.പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ നടപടി റദ്ദാക്കിയത്