മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി ഹര്‍ജി; ഐജി ലക്ഷ്മണിന് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി
സംസ്ഥന മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ഹര്‍ജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഐജി ലക്ഷ്മണിന് 10,000 രൂപ കോടതി പിഴയിട്ടു. ഹര്‍ജി കോടയില്‍ സമര്‍പ്പിച്ച ശേഷം, തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്ന് ആരോപിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ നേരത്തെ ലക്ഷ്മണ്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതിനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അഭിഭാഷനെ പരിചാരി ഹര്‍ജിക്കാരന് രക്ഷപ്പെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരന്‍, ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 10,000 രൂപ പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹരജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ.ജി ലക്ഷ്മണന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം തന്റെ അറിവോടെ അല്ലെന്നും താന്‍ ചികിത്സയിലായിരുന്ന സമയത്ത് അഭിഭാഷകന്‍ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേര്‍ത്തതാണെന്നുമായിരുന്നു ലക്ഷ്മണ്‍ പിന്നീട് പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകന്‍ മുഖേന ആണ് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.