സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ ബിഹാർ കോടതിയിൽ ഹർജി

single-img
4 September 2023

രാജ്യത്ത് നിന്നും സനാതന ധർമത്തെ പകർച്ചവ്യാധികളെ പോലെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിനെതിരെ സംഘപരിവാർ സംഘടനകളിൽ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേസ്. ഡെങ്കിയും മലേറിയയും പോലെ സനാതന ധർമവും പകർച്ചവ്യാധിയാണെന്നും ഉന്മൂലനം ചെയ്യേണ്ടതാണെന്നുമുള്ള ഉദയനിധിയുടെ പരാമർശത്തിനെതിരെ അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് കോടതിയെ സമീപിച്ചത്.

കേവലം രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വച്ചുള്ള പരാമർശം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതുമാണെന്നു ഹർജിയിൽ കുറ്റപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രിക്കും മകനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.