കേരളാ സ്റ്റോറി സിനിമ പ്രദർശനം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി; അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി
വ്യാജ ഉള്ളടക്കമുള്ള ദ കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഹർജി. സിനിമയുടെ പ്രദർശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യട്ടുള്ള പൊതുതൽപര്യ ഹർജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി. കേന്ദ്ര സെൻസർ ബോർഡിനോട് വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച്, ഹർജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി.
ഈ സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഇപ്പോൾ ഉള്ളതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ചിത്രത്തിലെ വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യണം, സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നതടക്കമാണ് ഹർജിയിലെ ആവശ്യം. സിനിമക്ക് സെൻസർ ബോർഡിന്റെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്ന രീതിയിലുള്ളതാണെന്നും നിലവിൽ 10 രംഗങ്ങൾ മാത്രമെ സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.