ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി


കൊച്ചി: ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി.
അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാതെ അവയവദാനം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് തൃശൂര്‍ കോലഴി സ്വദേശിയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.
കരള്‍ കിട്ടാന്‍ അനുയോജ്യനായ ദാതാവിനായി ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ലഭ്യമായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇനിയും കാത്തിരുന്നാല്‍ പിതാവിന്റെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയാണ്. തന്റെ കരള്‍ അനുയോജ്യമാണെന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ബോധ്യമായെങ്കിലും മനുഷ്യാവയവങ്ങള്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട 1994ലെ നിയമത്തിലെ വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലാത്തത് അവയവദാനത്തിന് തടസ്സമാണ്. അതിനാല്‍, പ്രത്യേക സാഹചര്യം പരിഗണിച്ച് അനുമതി നല്‍കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം വേണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ജീവിച്ചിരിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ അവയവങ്ങള്‍ നീക്കരുതെന്നാണ് നിയമം. എങ്കിലും ആവശ്യം ന്യായമെന്ന ബോധ്യത്തിന്റെയും പ്രത്യേക അധികാരമുള്ള അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയുടെയും അടിസ്ഥാനത്തില്‍ ഇവര്‍ക്കും പ്രത്യേക അനുമതി നല്‍കുന്ന വിധം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നുണ്ട്. ഈ വ്യവസ്ഥ പ്രകാരം അനുമതി തേടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും സര്‍ക്കാറിനും അപേക്ഷ നല്‍കിയതായി ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചു.