തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ; സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് കേരളാ ഹൈക്കോടതി നോട്ടീസ്. അടുത്ത മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്.
തൃശൂരിൽ നിന്നുള്ള എഐവൈഎഫ് നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. അട്ടിമറി വിജയമാണ് തൃശൂരിൽ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനും ഇടതുമുന്നണി സ്ഥാനാർത്ഥിയായി അഡ്വ. വിഎസ് സുനിൽ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
സംസ്ഥാനത്തെ ഏക ബിജെപി എംപിയായി തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ കേന്ദ്ര മന്ത്രി സ്ഥാനവും ലഭിച്ചു. ഇപ്പോഴത്തെ മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനുമാണ് സ്ഥാനമേറ്റത്. സുരേഷ് ഗോപിയുടെ വിജയത്തിൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളും ഉയർന്നിരുന്നു.
പിന്നാലെ സിനിമ ചെയ്യാനായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. അവസാനം ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ വിളിയെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപിയുടെ ജയം.