പെട്രോള്‍ വില 250ലേക്ക്; പെട്രോൾ വില കുത്തനെ കൂട്ടി പാകിസ്ഥാൻ

single-img
30 January 2023

ഇസ്ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 35 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.

പാകിസ്ഥാന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതോടെ, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ, ഹൈ സ്പീഡ് ഡീസലിന്റെ വില 262.30 രൂപയായി. പെട്രോള്‍ വില 250ലേക്ക് അടുത്തു. ലിറ്ററിന് 249.80 രൂപയാണ് പുതിയ വില. മണ്ണെണ്ണയുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.

189 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ധനമന്ത്രി ഇഷാഖ് ധര്‍ ആണ് വില വര്‍ധന അറിയിച്ചത്. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.