നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫാന്റം പൈലി ഇനി സെൻട്രൽ ജയിലിൽ
കേരളത്തിന്റെ അകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫാന്റം പൈലി പൊലിസ് പിടിയിലായി .കാപ്പ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ സെന്‍ട്രല്‍ ജയിലിലാക്കി. വര്‍ക്കലയ്ക്ക് സമീപം തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ബഷീര്‍ കുട്ടിയുടെ മകന്‍ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെയാണ് (40)കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആക്കിയത്.
വധശ്രമം, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, പിടിച്ചുപറി, ലഹരി കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷാജിയെന്ന് വര്‍ക്കല പൊലിസ് പറഞ്ഞു.സ്‌കൂള്‍ കുട്ടികള്‍ക്ക് ഉൾപ്പെടെ കഞ്ചാവും മയക്കു ഗുളികകളും നല്‍കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി ലഹരി കടത്ത്, ലഹരി വില്പന കേസുകളില്‍ പ്രതിയാണ്.
സമീപ കാലത്തായി വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായി ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.സ്വദേശമായ വര്‍ക്കലയിലും സമീപപ്രദേശങ്ങളിലെയും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഷാജി വീണ്ടും ക്രിമിനല്‍ കേസുകളില്‍ ഇടപെടാന്‍ സാധ്യതയുള്ളതിന്റെയും പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വര്‍ക്കല പൊലിസ് ഷാജിയെ അറസ്റ്റ് ചെയ്തത്.