മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണണറായിക്കും സിപിഎമ്മിനും സമനില തെറ്റി: രമേശ് ചെന്നിത്തല
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി വി അന്‍വറിന്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലെ യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു.
സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ലെന്നും രാഹുല്‍ ഗാന്ധിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.
അതിനു പകരം മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. നരേന്ദ്ര മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് അവരുടെ പ്രതികരണങ്ങളില്‍ ഇത്തരത്തിൽ കാണുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.