കെ സുധാകരനെതിരായ തെളിവുകളുടെ മുകളിൽ പിണറായി സർക്കാർ അടയിരിക്കുന്നു: കെ സുരേന്ദ്രൻ


മോൺസൺ മാവുങ്കാൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെയുള്ള കേസ് കേരളത്തിലെ ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കെ.സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ കൈവശമുണ്ടെന്നും എന്നാൽ, തെളിവുകളുടെ മുകളിൽ പിണറായി സർക്കാർ അടയിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല. കേസുകൾ ഒതുക്കി തീർക്കാനാണ് സർക്കാരിന് താൽപ്പര്യമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള അഴിമതി കേസിൽ എല്ലാ തെളിവുകളുമുണ്ട്. എന്നാൽ ഒരു അന്വേഷണവും കാര്യക്ഷമമായി നടക്കില്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണ്. ഇവിടെ ബിജെപി നേതാക്കൾക്കെതിരെയും കേസ് എടുക്കുന്നുണ്ട്. തങ്ങൾ തെറ്റ് ചെയ്യാത്തതിനാലാണ് കേസുകളെടുത്താലും ഭയമില്ലാത്തത്. കെ. സുധാകരന് സ്റ്റേഷൻ ജാമ്യം കൊടുത്തത് തന്നെ വിചിത്രമായ കാര്യമാണ്.
സംസ്ഥാന സർക്കാർ കെ. സുധാകരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സാംസ്‌കാരിക പ്രവർത്തകർ പാർട്ടി വിടുന്നത് ഒരുപാടു പറഞ്ഞു പഴകിയ കാര്യമാണെന്നും എല്ലാവർക്കും വലിയ സ്ഥാനം നൽകാൻ കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.