കേരളത്തിലെ ബിജെപിയുടെ പതിപ്പാണ് പിണറായി വിജയന്‍; രാഹുല്‍ഗാന്ധിയെ മാത്രമാണ് വിമര്‍ശിക്കാറുള്ളത്: കെ മുരളിധരൻ


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടായിരിക്കെ കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കുന്നത് തെറ്റായ സമീപനമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ഇതിനെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നും മുരളീധരന്‍ അറിയിച്ചു.
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ മുരളീധരന്‍ വിമര്‍ശനം നടത്തി. സംസ്ഥാനത്തെ ബിജെപിയുടെ പതിപ്പാണ് പിണറായി വിജയന്‍. ഒരു യോഗത്തില്‍ പോലും മോദിയെ കുറിച്ച് ഒരക്ഷരം പിണറായി മിണ്ടാറില്ല. രാഹുല്‍ഗാന്ധിയെ മാത്രമാണ് വിമര്‍ശിക്കാറുള്ളത്.
സംഘപരിവാര്‍ മനസ്സുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഔദാര്യത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ ജല്‍പ്പനങ്ങള്‍ ആരും മുഖവിലക്കെടുക്കില്ല. അത്രയ്ക്ക് വിരോധം പിണറായിക്ക് ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മത്സരം വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ ഇവിടെ വന്ന് പിച്ചും പേയും പറയുകയല്ല വേണ്ടത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എല്‍വി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കെ മുരളീധരന്‍. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ്സ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്.ഇത്തരം മനസ്സ് കേരളത്തില്‍ വിലപ്പോകില്ല.വംശീയ പരാമര്‍ശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.