പിണറായി വിജയൻ സിഎം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചിരിക്കുന്നു: കെ സുധാകരൻ

single-img
27 February 2023

ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സി.എം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് കെപിസിസി അധ്യ്ക്ഷൻ കെ. സുധാകരന്‍ എംപി.

തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍, നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുത.

സംസ്ഥാനത്തിന്റെ നിയമസഭയിലേക്ക് ഇഡി എത്തില്ലെന്ന ധാരണകാരണമായിരിക്കാം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു. പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണ്. ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തതെന്നും സുധാകരൻ ചോദിക്കുന്നു

ആദ്യമെല്ലാം സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് അവകാശപ്പെട്ടിരുന്ന രവീന്ദ്രന്റെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവന്നപ്പോള്‍ അവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴവും പരപ്പും വ്യക്തമായി. പാതിരാത്രി സമയം നടത്തിയ ചാറ്റ് ഒരു മുഖ്യമന്ത്രിയുടെ വയോധികനായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടേതാണോ എന്നുപോലും സംശയംതോന്നിയതായും അദ്ദേഹം പറഞ്ഞു.