ബിജെപി ബന്ധ ആരോപണത്തിൽ ദേവഗൗഡയെ തള്ളി പിണറായി വിജയൻ


ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ ആരോപണം തള്ളി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി കർണാടകയിൽ സഖ്യമുണ്ടാക്കുനുള്ള ജെഡിഎസിന്റെ തീരുമാനത്തെ താൻ പിന്തുണച്ചുവെന്ന വാദം വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ദേവഗൗഡയുടെ വാക്കുകേട്ട് “അവിഹിതബന്ധം” അന്വേഷിച്ച് നടന്ന് കോൺഗ്രസ് സ്വയം അപഹാസ്യരാകരുതെന്നും മുഖ്യമന്ത്രി പ്രതികരണകുറിപ്പിൽ പറഞ്ഞു.
സംസ്ഥാനത്തെ ബിജെപി- ജെഡിഎസ് സഖ്യത്തോട് വിയോജിച്ച കർണാടക സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ ആരോപണം. കേരളാ മുഖ്യമന്ത്രിയും പാർട്ടിയുടെ കേരളാ ഘടകവും ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് യോജിച്ചിരുന്നതായി ദേവഗൗഡ പറഞ്ഞിരുന്നു.
പക്ഷെ സംഭവം വിവാദമായതോടെ ദേവഗൗഡയെ തള്ളി ജെഡിഎസ് കേരളാ അധ്യക്ഷൻ മാത്യു ടി തോമസ് രംഗത്തെത്തിയിരുന്നു. ദേവഗൗഡയ്ക്ക് തെറ്റുപറ്റിയതോ പ്രായാധിക്യത്തിന്റെ പ്രശ്നമോ ആകാനാണ് സാധ്യത എന്നായിരുന്നു മാത്യു ടി തോമസ് വെള്ളിയാഴ്ച്ച പ്രതികരിച്ചത്.