അർജുനെ കണ്ടെത്താൻ ശ്രമം തുടരണം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ശ്രമം തുടരണമെന്ന് കർണാടകയോട് കേരള മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു.
ഇപ്പോൾ അവിടെ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. ഇന്ന് അർജുൻ്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്.
അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയത്. സന്ദർശനത്തിന് പിന്നാലെയാണ് കർണാടകയ്ക്ക് കത്തയച്ചത്.