സിൽവർലൈൻ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും
സിൽവർലൈൻ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയെ സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബംഗളൂരുവിലെ വിധാൻസൗധിലാണ് കൂടിക്കാഴ്ച. സിൽവർലൈൻ പദ്ധതി മംഗലാപുരത്തേയ്ക്കു നീട്ടുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ കേരളം ഉന്നയിക്കുമെന്നാണ് സൂചന.
ദക്ഷിണമേഖല കൗൺസിൽ യോഗത്തിലാണ് അന്തർ സംസ്ഥാന അതിവേഗ റയില്‍പാത വേണം എന്ന നിർദ്ദേശം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആദ്യം ഉന്നയിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തിൽ കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരും പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണമാരും പങ്കെടുത്തിരുന്നു.
സർവേ നടപടികൾക്ക് കർണാടക ഇതുവരെ അനുമതി നൽകിയിട്ടില്ലാത്ത നിലന്പൂർ- നഞ്ചൻകോഡ് റെയിൽപാതയുമായി ബന്ധപ്പെട്ടുള്ള വിശദമായ ചർച്ചയും കൂടിക്കാഴ്ചയിൽ നടക്കും. പാതയ്ക്ക് കർണാടക സർക്കാരിന്റെ അനുമതി നേടിയാൽ മാത്രമാണ് പദ്ധതി ആരംഭിക്കുവാൻ സാധിക്കുക. ബന്ദിപ്പൂർ വന്യജീവി സങ്കേതം വഴിയുള്ള രാത്രിയാത്ര നിരോധനം ഒഴിവാക്കുന്നതിനുള്ള ചർച്ചയും കൂടിക്കാഴ്ചയിൽ നടക്കും