പിണറായി വിജയന്‍ ചികിത്സ നേടി ശ്രദ്ധേയമായ ആശുപത്രി മയോ ക്ലിനിക് ഇന്ത്യയിലേക്ക്

single-img
11 December 2022

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ നേടി ശ്രദ്ധേയമായ ആശുപത്രിയാണ് മയോ ക്ലിനിക്ക്. അമേരിക്ക ആസ്ഥാനമായ മയോ ക്ലിനിക് അബുദാബി, ലണ്ടന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ കര്‍ക്കിനോസില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്.

കൂടുതല്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് മയോ ക്ലിനിക്കിന്റെ കോര്‍പ്പറേറ്റ് ഡവലപ്‌മെന്റ് വിഭാഗം ചെയര്‍മാന്‍ മനു നായര്‍ പറഞ്ഞു. ‘കേരളകൗമുദി’യുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. കാന്‍സറുമായി ബന്ധപ്പെട്ട പരിശോധനാ സംവിധാനങ്ങള്‍, സാങ്കേതികവിദ്യ, വിവരങ്ങളുടെ വിശകലനം എന്നിവയിലാണ് താത്പര്യം. നേരിട്ട് ആശുപത്രി തുടങ്ങാന്‍ ലക്ഷ്യമില്ല. ഭാവിസാദ്ധ്യതകള്‍ പഠിച്ച്‌ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ക്കിനോസിന്റെ കൊച്ചിയിലെ ലബോറട്ടറിയും ചികിത്സാകേന്ദ്രവും അദ്ദേഹം സന്ദര്‍ശിച്ചു. ബംഗളൂരു, മുംബയ്, ഭുവനേശ്വര്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. മയോ ക്ലിനിക് വികസിപ്പിച്ച സാങ്കേതിവിദ്യകള്‍ ഉപയോഗിച്ച്‌ കര്‍ക്കിനോസിന്റെ ലബോറട്ടറികളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. പ്രവര്‍ത്തനം വിലയിരുത്തി കൂടുതല്‍ നിക്ഷേപസാദ്ധ്യത വിലയിരുത്താനാണ് മനു നായരുടെ സന്ദര്‍ശനമെന്നാണ് സൂചന. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയുമായും മയോ ക്ലിനിക് സഹകരിക്കുന്നുണ്ട്.

വന്‍ ലബോറട്ടറി ശൃംഖലകാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങളുടെ ചികിത്സയും ഗവേഷണവും വികസനവും നടത്തുന്ന സ്ഥാപനമാണ് മയോ ക്ലിനിക്. കാന്‍സര്‍ ചികിത്സയില്‍ പ്രശസ്തവുമാണ്. കാന്‍സര്‍ നിര്‍ണയത്തിന് അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ ലബോറട്ടറി ശൃംഖലയാണ് മയോ ക്ലിനിക്. അമേരിക്കയില്‍ മൂന്ന് ആശുപത്രികളുമുണ്ട്. മയോ ക്ലിനിക് കെയര്‍ നെറ്റ്വര്‍ക്ക് എന്ന പേരില്‍ നിരവധി ക്ലിനിക്കുകളുണ്ട്. 76,000 ജീവനക്കാര്‍ മയോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൂവാറ്റുപുഴ പുഴക്കരക്കാവ് ശങ്കരമംഗലത്ത് ശങ്കരന്‍ നായരുടെ മകനാണ് മനു നായര്‍. തിരുവനന്തപുരം ലാ അക്കാഡമിയില്‍ നിയമപഠനം പൂര്‍ത്തിയാക്കി എം.ബി.എ പഠിക്കാനാണ് അമേരിക്കയിലെത്തിയത്. അമേരിക്കയില്‍ നിന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി. മയോ ക്ലിനിക്കിന്റെ വികസനപദ്ധതികളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.