മുഖ്യമന്ത്രി ആയതിന് ശേഷമുണ്ടായ പണത്തോടുളള ആർത്തി പിണറായി വിജയനെ അഴിമതിക്കാരനാക്കി: കെ സുധാകരൻ


സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയതിന് ശേഷമുണ്ടായ പണത്തോടുളള ആർത്തി പിണറായി വിജയനെ അഴിമതിക്കാരനാക്കിമാറ്റിയതായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തന്റെ നാട്ടുകാരനും തനിക്ക് ചെറുപ്പം തൊട്ടേ അറിയുന്നയാളുമാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആയതിന് ശേഷം പിണറായിക്ക് പണത്തോടുള്ള ആർത്തിയും കുടുംബത്തോടുള്ള സ്നേഹവും മക്കളെ വഴിക്കെത്തിക്കാനുള്ള അത്യുത്സാഹവും അദ്ദേഹത്തെ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാക്കിയെന്നുമാണ് സുധാകരൻ പറഞ്ഞത്. ഇന്ന് തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുധാകരന്റെ ഈ പരാമർശങ്ങൾ.
ഇതോടൊപ്പ തന്നെ, ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തമായ വിശദീകരണം നൽകാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഡോ വന്ദന ദാസ് എന്തായിരുന്നു ആ സാഹചര്യത്തിൽ ചെയ്യേണ്ടിയിരുന്നത്? മന്ത്രി വീണാ ജോർജിന് സംസ്കാരവും സാമൂഹിക ബോധവും വേണ്ടേ? പൊലീസിന്റെ ദൗർബല്യമാണ് മരണകാരണം. മരണപ്പെട്ടയാളെ കുറ്റപ്പെടുത്തുന്ന രീതി സാംസ്കാരിക കേരളത്തിന് നല്ലതല്ലെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലുണ്ടായിട്ടുള്ള മുൻ ഇടത് മുഖ്യമന്ത്രിമാരെ കുറിച്ചൊന്നും കോൺഗ്രസ് ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല. പിണറായി വിജയന് എന്തുപറ്റി? പാർട്ടി നേതാക്കന്മാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. എന്നാൽ മനസറിഞ്ഞു കൊണ്ടല്ല സംരക്ഷിക്കുന്നത്.
ഓരോ അഴിമതിയും ജനം മനസിൽ സൂക്ഷിക്കുന്നുണ്ട്. പണ്ടൊന്നും പിണറായി വിജയൻ അഴിമതിക്കാരനല്ല. ഇപ്പോൾ കമ്മീഷന്റെ വക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. ബിജെപി നേതാവിന്റെ കള്ളപ്പണക്കേസ് പോലും മുഖ്യമന്ത്രി ഒത്തുതീർപ്പാക്കി. അതിന് പകരമായി സംസ്ഥാന സർക്കാരിനെ ബിജെപി സംരക്ഷിക്കുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.