ദേശാഭിമാനിയുടെ വാർഷികാഘോഷ പരിപാടിയിൽ നിന്നും പിന്മാറി പി കെ കുഞ്ഞാലിക്കുട്ടി

single-img
27 December 2022

ദേശാഭിമാനിയുടെ മലപ്പുറം ജില്ലയിലെ ദേശാഭിമാനി വാർഷികാഘോഷ പരിപാടിയിൽ നിന്നും ലീഗ് നേതാവും എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. മുൻ മന്ത്രി കെ ടി ജലീൽ കൂടി പങ്കെടുക്കുന്ന സിമ്പോസിയത്തിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിനു പകരം മറ്റൊരു വിഷയത്തിലെ സെമിനാറിൽ പങ്കെടുക്കുമെന്നായിരുന്നു ഇന്ന് രാവിലെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്.

അതിനുശേഷം വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി സെമിനാറിലും തനിക്ക് വരാൻ പറ്റില്ലെന്ന് സംഘടകരെ അറിയിക്കുകയായിരുന്നു. നാളെ വൈകുന്നേരം നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ എത്താൻ ശ്രമിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിട്ടുണ്ട്.

അതേസമയം, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളും അസൗകര്യം ചൂണ്ടിക്കാട്ടി ഇന്നത്തെ സെമിനാറിൽ നിന്നും പിന്മാറിയിരുന്നു. ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്.

മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. കെ.ടി.ജലീലാണ് അധ്യക്ഷൻ. കുഞ്ഞാലിക്കുട്ടിക്കു പുറമേ ആര്യാടൻ ഷൗക്കത്ത്, ഡോ.ഷീന ഷുക്കൂർ, എം.സ്വരാജ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.