പാ൪ട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തിരിമറി ചെയ്ത് പികെ ശശി സ്വന്തം അക്കൌണ്ടിലേക്ക് മാറ്റി; ഗുരുതര കണ്ടെത്തലുകൾ


കെ.ടി.ഡി.സി ചെയർമാനും സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ സിപിഎം നിയമിച്ച അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. പാ൪ട്ടിയുടെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ പികെ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാനപ്പെട്ട കണ്ടെത്തൽ.
സിപിഎമ്മിന്റെ പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളന ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഇത് ഒരു കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ വിമർശിക്കുന്നു.
എൻ എൻ കൃഷ്ണദാസ് ഒഴികെ എല്ലാവരും പികെ ശശിയെ കൈവിട്ടതോടെയാണ് നടപടിയിലേക്ക് എത്തിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു.