പികെ ശശി പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
10 September 2024

പാലക്കാട്ടെ സിപിഎം നേതാവായ പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ . സി പി എം പാലക്കാട് മേഖല റിപ്പോർട്ടിംഗിലാണ് പികെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം.

സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരെ പാർട്ടിക്ക് ലഭിച്ച പരാതിയെന്നും സി പി എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ പികെ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഡാലോചന നടത്തി. ഇതിന്‍റെ തെളിവുകൾ പാർട്ടിക്ക് ലഭിച്ചുവെന്നും പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

അതേസമയം, പികെ ശശിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടോയെന്ന് നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരമൊരു പരാതിയൊന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്. എന്നാല്‍, പികെ ശശിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിപ്പോള്‍ എംവി ഗോവിന്ദൻ മാസ്റ്റർ രൂക്ഷ വിമര്‍ശനം നടത്തുന്നത്.