ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്തുണ്ടായത് സ്വപ്നസാഫല്യം: മുഖ്യമന്ത്രി


സംസ്ഥാനത്തിന്റെ വികസന അധ്യായത്തിൽ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഷകാലത്തെ സ്വപ്ന സാഫല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. സഹോദരീ സഹോദരന്മാരെ അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്.
‘നമ്മുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സ്വപ്നം സഫലമായത്. അതുമായി സഹരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പടുത്തുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്.മദർഷിപ്പുകൾ ഇങ്ങോട്ടേക്ക് ധാരാളമായി വരാനാണ് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇതൊരു ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇതാേടെ ആരംഭിക്കുകയാണ്; അദ്ദേഹം പറഞ്ഞു. അഴിമതി സാദ്ധ്യതകളെല്ലാം അച്ചാണ് വിഴിഞ്ഞം യാഥാർത്ഥ്യമാക്കിയതെന്നും അഴിമതിക്കുള്ള വഴിയായി വിഴിഞ്ഞം മാരുതെന്ന നിപാടായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാവിലെയാണ് മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞത്തെത്തിയത്. ഇന്ന് രാവിലെ നടന്ന ട്രയൽ റണ്ണിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായി.
മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, ജി ആർ അനിൽ, എം.പി എ.എ.റഹീം, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുത്തു.