വാഹനങ്ങളിൽ ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തുന്ന ബോർഡ് വെക്കുന്നത് നിയമവിരുദ്ധം: ഹൈക്കോടതി

single-img
19 July 2024

വാഹനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇ തുപോലെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരൊക്കെ ഈ രീതിയിൽ അനധികൃതമായി ബോർഡുകൾ വച്ചിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കോടതി ചോദിച്ചു . വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുൾപ്പെടെയുള്ള വിഷയവുമായി ബന്ധപ്പെട്ട ഹർജികളാണു പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും.

എറണാകുളത്ത് ഇതുപോലെ സർക്കാർ മുദ്രകൾ അനധികൃതമായി ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണെങ്കിൽ തിരുവനന്തപുരത്ത് കേരളാ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തിക്കൊണ്ടുള്ള ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണ്.

മുൻപ് ചവറ കെഎംഎംഎൽ എംഡിയുടെ വാഹനം ആലുവ മേൽപ്പാലത്തിലൂടെ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ പാഞ്ഞ സംഭവം കോടതി മുൻപാകെ എത്തിയിരുന്നു. ഈ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസറുടെ പരിശോധന റിപ്പോർട്ട് 23ന് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി