ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ അടര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം

single-img
6 January 2024

ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങൾക്ക് ശേഷം പോർട്ലാൻഡിൽ നിന്ന് കാലിഫോർണിയയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ അടര്‍ന്നുവീണു. വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തമാണ്. വിമാനത്തിന്റെ ഒരു ജനൽ ഉൾപ്പടെയുള്ള ഫ്യൂസ്‌ലേജിന്റെ ഒരു ഭാഗം അടർന്നു പോവുകയായിരുന്നു. അലാസ്ക എയർലൈൻസിന്റെ ബോയിംഗ് 737-9 മാക്‌സ് വിമാനത്തിന്റെ മിഡ് ക്യാബിൻ എക്സിറ്റ് ഡോർ വിമാനത്തിൽ നിന്ന് പൂർണ്ണമായും വേർപെടുകയായിരുന്നു .

അടിയന്തിരമായി യുഎസ് സംസ്ഥാനമായ ഒറിഗോണിലാണ് ലാൻഡിംഗ് നടത്തിയത്. സംഭവസമയം 177 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്നും ലാൻഡിംഗ് സുരക്ഷിതമായി നടത്തിയെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ എടുത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്ലൈറ്റ്അവെയർ വെബ്‌സൈറ്റിൽ നിന്നുള്ള ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം , വെള്ളിയാഴ്ച വൈകുന്നേരം 5.07 നാണ് വിമാനം പറന്നുയർന്നത്. ഏകദേശം 5.26 ആയപ്പോഴേക്കും വിമാനം അടിയന്തരമായി നിലത്തിറക്കിയിട്ടുണ്ട്. അടിയന്തരമായി നിലത്തിറക്കാൻ ആരംഭിച്ചപ്പോൾ വിമാനം 16,000 അടി (4,876 മീറ്റർ) ഉയരത്തിലായിരുന്നു.

എന്തായാലും സംഭവത്തെ തുടർന്ന് 737 മാക്‌സ് 9 വിമാനങ്ങളിൽ 65 എണ്ണവും പരിശോധന നടത്താൻ താത്കാലികമായി സർവീസ് നിർത്തിവെക്കുമെന്ന് അലാസ്‌ക എയർലൈൻസ് സിഇഒ ബെൻ മിനിക്കൂച്ചി അറിയിച്ചിട്ടുണ്ട്.