ഗവര്‍ണര്‍ക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണം; മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രൻ
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ നടത്തിയ വെളിപ്പെടുത്തതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ഗവർണർ ഉന്നയിച്ച വിഷയം ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയേക്കൊണ്ട് അന്വേഷിപ്പിക്കണം. ഗവര്‍ണര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസിനെ കെകെ രാഗേഷ് ഇടപെട്ട് തടഞ്ഞുവെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
അതേപോലെ തന്നെ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വളരെയധികം ഗൗരവമുള്ള വെളിപ്പെടുത്തലാണ് ഗവര്‍ണര്‍ നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. തന്റെ നേര്‍ക്ക് ആളുകള്‍ വന്നപ്പോള്‍ തടഞ്ഞത് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്നാണ് ഗവര്‍ണര്‍ ആരോപിച്ചതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.