ഇനി ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിൽ തീരുമാനം
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇനിമുതൽ കൊച്ചിയിലെ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗ തീരുമാനം . പ്രദേശത്തെ നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌ക്കരിക്കാനും നിര്‍ദേശം നല്‍കും. ഇതിനായി വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്‌മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
ഇതോടൊപ്പം പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, വീണ ജോര്‍ജ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ.വി വേണു, ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ബി സന്ധ്യ, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് തുടങ്ങിയവര്‍ സംസാരിച്ചു. എയര്‍ഫോഴ്‌സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും പങ്കെടുത്തു.