2017 മുതൽ യുപിയിൽ നടന്നത് 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി
പോലീസ് കസ്റ്റഡിയിലിരിക്കെ അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും പ്രയാഗ്‌രാജിൽ വെടിയേറ്റ് മരിച്ചതിനു പിന്നാലെ 2017 മുതൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. മുൻ സുപ്രീം കോടതി ജസ്റ്റിസിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറ് വർഷത്തിനിടെ ഏറ്റുമുട്ടലിലൂടെ 183 കുറ്റവാളികളെ വധിച്ചതായി വെള്ളിയാഴ്ച ഉത്തർപ്രദേശ് പോലീസ് തന്നെ അറിയിച്ചിരുന്നു. അതിഖ് അഹമ്മദിന്റെ മകൻ ആസാദിനെയും കൂട്ടാളിയെയും വ്യാഴാഴ്ച ഝാൻസിയിൽ പോലീസ് വധിച്ചിരുന്നു. ഇതുൾപ്പടെയാണ് 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ.
യുപിയിൽ യോഗി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ സംസ്ഥാനത്ത് 10,900-ലധികം ഏറ്റുമുട്ടലുകൾ നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഏറ്റുമുട്ടലുകളിൽ 23,300 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 5,046 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇവരിൽ പരിക്കേറ്റ പോലീസുകാരുടെ എണ്ണം 1,443 ആയിരുന്നു, 13 പേർ മരിച്ചു. 2017 മാർച്ച് മുതൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട 13 പോലീസുകാരിൽ എട്ട് പേരെയും കുപ്രസിദ്ധ ഗുണ്ടാസംഘം വികാസ് ദുബെയുടെ സഹായികൾ ആണ് വധിച്ചത്.