ബഹുസ്വരതാ സംഗമം; ഏക സിവിൽ കോഡിനെതിരെ യുഡിഎഫ് പരിപാടി; സിപിഎമ്മിനെ ക്ഷണിക്കില്ല


കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് മുന്നണിയുടെ ഏകോപനസമിതിയിൽ തീരുമാനം. ഈ മാസം 29ന് തിരുവനന്തപുരത്ത് വച്ച് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും.
സംസ്ഥാനത്തെ വിവിധ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കുന്ന പരിപാടിയിലേക്ക് സിപിഐഎമ്മിനെ ക്ഷണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു. കോൺഗ്രസിന് വേണ്ടി കെപിസിസി സ്വന്തം നിലയിൽ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് പുറമെയാണ് യുഡിഎഫിന്റെ ബഹുസ്വരത സംഗമം.
ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നിങ്ങനെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചു. സിപിഎമ്മിനെയും ഇടതു മുന്നണിയിലുള്ള മറ്റാരേയും യോഗത്തിലേക്ക് ക്ഷണിക്കില്ല. ഇതോടൊപ്പം സംസ്ഥാന സർക്കാരിനെതിരായ വിഷയങ്ങളിലും സമരം കടുപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചു. റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ എന്ന നിലയിലാവും യുഡിഎഫ് സമരം. സെപ്റ്റംബർ 12ന് 25,000 പേരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനും യു.ഡി.എഫ് ഏകോപനസമിതി യോഗത്തിൽ തീരുമാനമായി.