പ്ലസ്ടു കോഴകേസ്; കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
വിവാദമായ പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. സംസ്ഥാന വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ കേരളാ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കെ. എം. ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
ഇതോടൊപ്പം തന്നെ നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാൽ ആണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി പറഞ്ഞു. എന്നാൽ ഷാജിക്കെതിരെ സ്വന്തം പാർട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും സ്റ്റാന്‍ഡിങ് കൌണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ഹാജരായി.