പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്നത് നാല് ദിവസം; പൊലീസ് അന്വേഷണം

single-img
9 December 2022

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്നത് നാല് ദിവസം! കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പില്‍ പൊലീസില്‍ പരാതി നല്‍കി. പ്രവേശന പരീക്ഷാ യോഗ്യ പോലും ഇല്ലാത്ത മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് അധികൃതരെ കബളിപ്പിച്ച്‌ ക്ലാസില്‍ ഇരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

വിദ്യാര്‍ത്ഥിനി അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം വന്നത്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചതായി കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ ഇരുന്നത്.

നവംബര്‍ 29നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ആകെ പ്രവേശനം നേടിയത്. ഇവര്‍ക്കൊപ്പമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കടന്നുകൂടിയത്. കുട്ടിയുടെ പേര് ഹജര്‍ പട്ടികയിലുണ്ട്. എന്നാല്‍ പ്രവേശന രജിസ്റ്ററില്‍ ഇല്ല. വിദ്യാര്‍ത്ഥിനിയുടെ പേര് എങ്ങനെ ഹാജര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.