ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി


ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ട. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റിൽ അറിയിച്ചു. അപകടത്തിൽ അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു അപകടത്തിൽ ദുഖം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീൻ പ്ടനായിക് നാളെ സംഭവ സ്ഥലം സന്ദർശിക്കും.
ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണമെന്ന് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 350 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. ഷാലിമാർ ചെന്നൈ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹനഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്.
പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനുകളും ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോഗികളും പാളം തെറ്റി. ബോഗികളിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. 15 ബോഗികളാണ് പാളം തെറ്റിയത്.
അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. മൂന്ന് ആശുപത്രികളിലായി ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ട്രെയിനിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.