പ്രധാനമന്ത്രി മോദി താമസിച്ചതിന്റെ ബില്‍ തുക ഒരു വർഷം കഴിഞ്ഞിട്ടും നൽകിയില്ല; പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടൽ
ഔദ്യോഗിക സന്ദര്‍ശന ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക ഒരു വർഷം കഴിഞ്ഞിട്ടും നൽകിയില്ല എന്ന പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടൽ. 80.6 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതി. പണം ലഭിക്കാൻ നിയനടപടിക്ക് ഒരുങ്ങുകയാണ് ഹോട്ടല്‍.
‘പ്രൊജക്റ്റ് ടൈഗർ’ അൻപതാം വാര്‍ഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് റാഡിസണ്‍ ബ്ലൂ പ്ലാസയിൽ താമസിച്ചത്. പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറി വാടക ഉൾപ്പെടെയുള്ള താമസച്ചെലവും തുക ലഭിക്കാൻ 12 മാസം വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേർത്തുള്ള തുകയാണ് ഹോട്ടൽ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.
രാജ്യത്തെ വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തയാറാക്കിയ പദ്ധതിയായിരുന്നു പ്രൊജക്റ്റ് ടൈഗര്‍. ഈ പദ്ധതിയുടെ അമ്പതാം വാര്‍ഷികം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും കര്‍ണാടക വനം വകുപ്പും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നടത്തിയ ജംഗിള്‍ സഫാരി പരിപാടിയുടെ ഭാഗമായിരുന്നു.