സീസണില്‍ പക്ഷികള്‍ വിരുന്ന് വരുന്നതുപോലെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ കറങ്ങുന്നു: എംകെ സ്റ്റാലിൻ

single-img
10 April 2024

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ന് തമിഴ്നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ജയലളിതയെ അനുസ്മരിച്ച്, ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നുവെന്നതടക്കമുള്ള രൂക്ഷ പരാമര്‍ശമാണ് നടത്തിയത്. ഇതിനു മറുപടിയായി മോദിയേയും ബിജപിയേയും പ്രധാനമന്ത്രിയുടെ ‘മോദി ഗ്യാരന്റി’യേയും വെല്ലുവിളിച്ചാണ് സ്റ്റാലിന്‍ സോഷ്യൽ മീഡിയയായ ‘എക്‌സി’ല്‍ കുറിപ്പിട്ടത്.

2019ൽ നടന്ന തിരഞ്ഞെടുപ്പില്‍ 3.7 ശതമാനത്തില്‍ താഴെയും 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ താഴെയും വോട്ടുകള്‍ നേടിയ ബിജെപി തമിഴ്‌നാട്ടില്‍ തങ്ങള്‍ക്കൊരു എതിരാളിയേ അല്ലെന്ന് സ്റ്റാലിൻ പറയുന്നു . ബിജെപി ഇത്തവണ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പൗരത്വ നിയമത്തില്‍ വിജ്ഞാപനം ചെയ്ത ഭേദഗതികള്‍ പിന്‍വലിക്കാനും ദുരന്ത നിവാരണ ഫണ്ട് ഉടനടി വിതരണം ചെയ്യാനും സ്റ്റാലിന്‍ വെല്ലുവിളിച്ചു.

സീസൺ ആകുമ്പോൾ പക്ഷികള്‍ വിരുന്ന് വരുന്നതുപോലെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ കറങ്ങുന്നുവെന്നും സ്റ്റാലിന്‍ പരിഹസിച്ചു. മോദിയുടെ ‘വാറന്റി’ വീണ്ടും കാവി പുരണ്ട അഴിമതി പുരട്ടുന്ന ‘മെയ്ഡ് ഇന്‍ ബി.ജെ.പി’ വാഷിംഗ് മെഷീനായി തുറന്നുകാട്ടപ്പെടുന്നുവെന്നും സ്റ്റാലിന്‍പരിഹസിച്ചു.

രാജ്യം മുഴുവനുള്ള പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുക്കണം. അതേപോലെ തന്നെ പെട്രോള്‍, ഡീസല്‍, പാചക വാതക സിലിണ്ടര്‍ വില കുറക്കാനും കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കാനും സൈന്യത്തിന്റെ അഗ്‌നിപഥ് പദ്ധതി റദ്ദാക്കാനും മോദിയോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.