ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിൽ പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ഓരോ വ്യക്തിയോടും ക്ഷമാപണം നടത്തണം: രാഹുൽ ഗാന്ധി

single-img
5 September 2024

രാജ്യത്ത് നടപ്പിലാക്കുന്ന ആനുകൂല്യങ്ങളിൽ ഭരണ കക്ഷിയായ ബിജെപിയെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നമ്മുടെ രാജ്യത്തെ ഒരു വിഭാഗം ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ‘‘മഹാരാഷ്ട്രയുടെ ഡിഎൻ‌എയിൽ കോൺഗ്രസ് പാർട്ടിയുടെ ആശയധാര തന്നെയാണ്. ഇന്ത്യയിൽ മുൻപ് രാഷ്ട്രീയം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നു പ്രത്യയശാസ്ത്ര പോരാട്ടം നടക്കുകയാണ്.

രാജ്യത്തെ സാമൂഹിക പുരോഗതിയാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ , തിരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം ആളുകൾക്കു മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെന്നാണു ബിജെപിയുടെ ആഗ്രഹം. അതേപോലെ തന്നെ, ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഓരോ വ്യക്തിയോടും ക്ഷമാപണം നടത്തണം.

നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുകയാണ്. ഇതൊരു പുതിയ കാര്യമല്ല, കാലങ്ങളായി അവർ ചെയ്തുവരുന്നതാണ്. പ്രത്യയശാസ്ത്രത്തിന്റെ ഈ പോരാട്ടം പഴയതാണ്. ഇപ്പോൾ ബിജെപിയും കോൺഗ്രസും തമ്മിലാണു പോരാട്ടം. മുൻപ് ഈ പോരാട്ടം നടത്തിയത് ശിവജി മഹാരാജും ഫുലെയുമാണ്.

നിങ്ങൾ ഛത്രപതി ശിവജി മഹാരാജ്, ഷാഹുജി മഹാരാജ്, ഫുലെ, അംബേദ്കർ എന്നിവരെപ്പറ്റി വായിച്ചാൽ, അവരുടെ പ്രത്യയശാസ്ത്രവും കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും ഒന്നാണെന്നു മനസ്സിലാകും. ജാതി സെൻസസ് കോൺഗ്രസ് നടപ്പിലാക്കുമെന്ന് ഞാൻ ലോക്‌സഭയിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യാസഖ്യം അത് നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു.