മണിപ്പൂരില്‍ സമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: രാഹുൽ ഗാന്ധി

single-img
4 May 2023

മണിപ്പൂരിൽ തുടരുന്ന സംഘർഷത്തില്‍ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സംസ്ഥാനത്തെ ക്രമ സമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

മണിപ്പൂരിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ അതീവ ആശങ്കയുണ്ട്. മണിപ്പൂരിലെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, കലാപം രൂക്ഷമായതോടെ സംഘർഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. തന്റെ നാട്ടിലെ സംഘർഷം പരിഹരിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബോക്സിംങ് ഇതിഹാസം മേരി കോം രംഗത്ത് വന്നിരുന്നു.

‘എന്റെ സംസ്ഥാനമായ മണിപ്പൂർ ഇപ്പോൾ കത്തുകയാണ്, ദയവായി സഹായിക്കൂ’ വെന്ന് മണിപ്പൂരിലെ സംഘർഷത്തിന്റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്ത് മേരി കോം അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു മേരി കോമിന്റെ ട്വീറ്റ്.