ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കപ്പൽശാലയിൽ രാവിലെ 9.30നാണ് ചടങ്ങ്. ദേശീയപതാകയും തുടർന്ന് നാവികസേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലിൽ ഉയർത്തുന്നതോടെ കപ്പൽ നാവിക സേനയുടെ ഭാഗമാകും.
വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു കഴിഞ്ഞു. 20,000 കോടി രൂപ ചെലവിട്ട് 2005 ഏപ്രിലിൽ നിർമ്മാണം തുടങ്ങി 15 വർഷം കൊണ്ടാണ് കപ്പൽ നീറ്റിലിറങ്ങിയത്. മിസൈൽ ഉൾപ്പെടെ ആയുധങ്ങൾ ഘടിപ്പിച്ച് വിക്രാന്ത് യുദ്ധസജ്ജമാകാൻ ഒന്നര വർഷം കൂടിയെടുക്കും.
വ്യോമമേഖലയിലെ ആക്രമണ പരിധി വർധിപ്പിക്കൽ, ഉപരിതല യുദ്ധ പ്രതിരോധം, ആക്രമണാത്മകവും പ്രതിരോധപരവുമായ വ്യോമനീക്കങ്ങൾ, അന്തർവാഹിനി പ്രതിരോധം, വ്യോമപ്രതിരോധ മുന്നറിയിപ്പ് എന്നിവയുൾപ്പെടെ സമാനതകളില്ലാത്ത സൈനിക ശക്തിയാണു വിക്രാന്ത് വാഗ്ദാനം ചെയ്യുന്നത്. വിക്രാന്ത് പൂര്‍ണ സജ്ജമാകുന്നതിനൊപ്പം മൂന്നാമത്തെ വിമാനവാഹിനിയായ ഐഎന്‍എസ് വിശാലിന്റെ നിര്‍മാണാനുമതി കേന്ദ്രസര്‍ക്കാരില്‍ നേടിയെടുക്കാനുള്ള തീവ്രയത്നത്തില്‍ കൂടിയാണ് ഇന്ത്യന്‍ നാവികസേന.