പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. ആദ്യമൊക്കെ പ്രധാനമന്ത്രിയുടെ ആരോപണത്തോട് മുഖം തിരിച്ച രാഹുല്‍ ഗാന്ധി പക്ഷെ ആദിവാസികളെ ബിജെപി അപമാനിക്കുകയാണെന്ന് തിരിച്ചടിച്ചു.
സമൂഹത്തിൽ വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ മുസ്ലീം പ്രീണനമായി ചിത്രികരിച്ച് ഭൂരിപക്ഷത്തെ അകറ്റാനുള്ള മോദിയുടെ നീക്കമെന്നാണ് ആക്ഷേപം.എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണം നടത്താനുള്ള അന്തരീക്ഷമുണ്ടാകണമെന്നും മോദിക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ദുഃഖമുണ്ടെന്ന് പരാതി നല്‍കിയശേഷം കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രധാനമന്ത്രി സൈനികരുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും സല്‍മാൻ ഖുര്‍ഷിദ് ആരോപിച്ചു.
അതേ സമയം മോദി വിമര്‍ശനം വീണ്ടും തുടര്‍ന്നു. ലീഗിന്‍റെ നിലപാടുകളും ആവശ്യങ്ങളുമാണ് കോണ്‍ഗ്രസിന്‍റെ പത്രികയിലുള്ളതെന്ന് ഇന്ന് നടന്ന റാലികളിലും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.