വിഴിഞ്ഞം സംഘര്‍ഷത്തില്‍ വൈദികര്‍ക്കും പങ്ക്; പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
വിഴിഞ്ഞത്തു നടന്ന അക്രമ സംഭവങ്ങളിൽ ലത്തീൻ അതിരൂപത വൈദികര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വൈദികര്‍ പള്ളി മണിയടിച്ച് പദ്ധതി പ്രദേശത്തേക്ക് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ എത്തിച്ചു എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കൂടാതെ പദ്ധതിയെ അനുകൂലിക്കുന്നവരും സമരക്കാരും തമ്മില്‍ അക്രമമുണ്ടായി. സമരക്കാര്‍ പൊലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും കയ്യേറ്റം ചെയ്തുവെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞത് എന്നും പോലീസ് അഹൈക്കോടതിയെ അറിയിച്ചു.
അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ സമരസമിതിക്കെതിരെ രണ്ടു കേസുകൾ കൂടി എടുത്തിട്ടുണ്ട്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടു.