കൊച്ചിയില്‍ മയക്കുമരുന്നുമായി മൂന്ന് നിയമവിദ്യാര്ത്ഥികള് പൊലീസ് പിടിയിൽ
കൊച്ചി: മയക്കുമരുന്നുമായി മൂന്ന് നിയമവിദ്യാര്ത്ഥികള് പൊലീസ് പിടിയില്.
പാലക്കാട് പട്ടാമ്ബി സ്വദേശികളായ ശ്രീഹരി, സൂഫിയാന്, മലപ്പുറം സ്വദേശി അജ്മല് ഷാ എന്നിവരെയാണ് എറണാകുളം ടൗണ് നോര്ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില് നിന്നും 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പാലക്കാട്ടെ സ്വകാര്യ ലോ കോളജിലെ നിയമവിദ്യാര്ത്ഥികളാണ് ഇവര്. ഇന്റേണ്ഷിപ്പിന്റെ ഭാഗമായാണ് ഇവര് കൊച്ചിയിലെത്തിയത്.
ഇവര് മൂന്നുപേരും എറണാകുളം നോര്ത്ത് ശാസ്താ ടെംപിള് റോഡിലെ സ്വകാര്യ ഹോട്ടലില് താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം നഗരത്തിലുണ്ടായ ഒരു കവര്ച്ചാക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇവര് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇവരുടെ ബാഗില് നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇത്രയധികം ലഹരിമരുന്ന് കൈവശം വെച്ചത് വില്പ്പനയ്ക്കു വേണ്ടിയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.