തിരക്കുള്ള ഇടങ്ങളില്‍ ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡില്‍ പറന്നെത്താന്‍ പൊലീസ്


തിരുവനന്തപുരം: തിരക്കുള്ള ഇടങ്ങളില്‍ ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡില്‍ പറന്നെത്താന്‍ പൊലീസ്. കാലത്തിനൊപ്പം നീങ്ങാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കേരള പൊലീസിന്‍റെ പുതിയ പദ്ധതി. തിരക്കുള്ള സ്ഥലങ്ങളിൽ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡുകളിലായിരിക്കും. വിദേശരാജ്യങ്ങളിൽ നിലവിലുള്ളതുപോലെ ഇലക്ട്രിക് ഹോവർ ബോർഡ് ഉപയോഗിച്ചുള്ള പൊലീസ് പട്രോളിങ് ആണ് തലസ്ഥാനത്തും ആരംഭിച്ചത്.
സിറ്റി ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥർക്ക് പട്രോളിങ്ങിനായാണ് നഗരത്തിൽ ഇലക്ട്രിക് ഹോവർ ബോർഡുകൾ അദ്യ ഘട്ടത്തിൽ നൽകിയിരിക്കുന്നത്. നിലവിലെ പൊലീസിൻ്റെ ബൈക്ക്, ജീപ്പ് പട്രോളിങ് വാഹനങ്ങൾക്ക് ആള്‍ക്കൂട്ടങ്ങൾക്ക് ഇടയിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കാൽ നടയാത്രക്കാരുടെ സുരക്ഷ, അനധികൃത പാർക്കിംഗ് സാമൂഹ്യ വിരുദ്ധശല്യം എന്നിവ ഒഴിവാക്കുന്നതിനും ഒപ്പം പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനും ആന്ന് ഹോവർ പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന് നിന്നുകൊണ്ട് ഇതിൽ പട്രോളിങ് നടത്താൻ സാധിക്കുന്ന രണ്ടു ചെറിയ വീലുകളും ഹാൻഡിലും നില്ക്കുന്നതിനുള്ള പ്ലാറ്റ്ഫോമും അടങ്ങിയ സെൽഫ് ബാലൻസിങ് സംവിധാനമുള്ള ഇലക്ട്രിക് ഹോവർ ബോർഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ ശരീര ചലനങ്ങൾകൊണ്ട് വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കും. ഇതിൽ ബീക്കൺ ലെറ്റും എൽ.ഇ.ഡി. ഹെഡ് ലൈറ്റും ഉണ്ട്. 20 കിലോമീറ്റർ വേഗതയിലും 120 കിലോ ഭാരം വഹിച്ചുകൊണ്ടു സഞ്ചരിക്കാനും ഹോവർ ബോർഡുകൾക്ക് കഴിയും.
നിലവിൽ കൊച്ചി സിറ്റി പൊലീസ് ഇത്തരത്തിലുള്ള ഹോവർ ബോർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്ട്രിക് ഹോവർ ബോർഡ് പട്രോളിങ്ങിന്റെ ഉദ്ഘാടനം മാനവീയം വീഥിയിൽ സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു ഇലക്ട്രിക് ഹോവർ ബോർഡ് ഓടിച്ച് പട്രോളിങ് നടത്തി നിർവഹിച്ചു.