മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

single-img
20 January 2023

കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം. ഡിഐജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത് ചന്ദ്രനും പ്രീതിയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്.

അതേസമയം കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കടുത്ത ആരോപണവുമായി മകൻ പ്രജിത്ത് രംഗത്തെത്തി. അച്ഛൻ തന്നോട് പറഞ്ഞ ചില സ്വകാര്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, അദ്ദേഹത്തിന്‍റെ മരണത്തിന് പിന്നിൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന പരാതി നൽകിയതെന്ന് മകൻ പ്രജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയിലെ ചില അഴിമതികളെക്കുറിച്ച് അച്ഛൻ കെപിസിസി പ്രസിഡന്‍റിനോട് പറഞ്ഞിരുന്നു. അത് പരാതിയായി നൽകാൻ അച്ഛനോട് കെ സുധാകരൻ പറഞ്ഞു. ഇത് നൽകാനിരിക്കുമ്പോഴാണ് അച്ഛന്‍റെ മരണമുണ്ടായത്. സമ്മർദ്ദം മൂലമാണ് അച്ഛൻ മരിച്ചത്. പരാതി പിൻവലിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടതുകൊണ്ടാണ് അന്ന് പൊലീസിൽ നിന്ന് പരാതി പിൻവലിച്ചത്’. ഇതിനെല്ലാം പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കുമെന്ന് കെ സുധാകരൻ അന്ന് തനിക്ക് നേരിട്ട് ഉറപ്പ് നൽകിയതായിരുന്നുവെന്നും പിന്നീട് കെ സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടായത് തീർത്തും മോശമായ സമീപനമാണുണ്ടായതെന്നും പ്രജിത്ത് പറയുന്നു.