പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; ഇന്ന് ബംഗാൾ ബന്ദ്
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ‘നബ്ബാന’യിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദിന് ബിജെപി ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച ‘നബണ്ണ’യിൽ എത്താൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് ചെയ്യുകയും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തതിനെത്തുടർന്ന് ബിജെപി 12 മണിക്കൂർ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു. രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥി സംഘടനയായ ‘പശ്ചിം ബംഗ ഛത്ര സമാജും’ വിമത സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്ലാറ്റ്‌ഫോമായ ‘സംഗ്രാമി ജൗത മഞ്ചയും’ ആണ് ‘ നബന്ന അഭിജൻ ‘ പ്രതിഷേധം നയിച്ചത് .
ഇത് ബിജെപിയുടെ പിന്തുണയോടെയുള്ള പ്രതിഷേധമാണെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 17 സ്ത്രീകളടക്കം 160ലധികം പ്രതിഷേധക്കാർക്ക് പോലീസ് നടപടിയിൽ പരിക്കേറ്റതായി മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. സംഘർഷത്തിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു.