കൊല്ലത്ത് പൊലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടല്‍; പോലീസ് വെടിവെച്ചു
കൊല്ലം കുണ്ടറ യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളും പോലീസുമാരുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പോലീസ് 4 റൗണ്ട് വെടിയുതിർത്തു. വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പ്രാണരക്ഷാർത്ഥം പൊലീസ് ആണ് നാല് റൗണ്ട് വെടിയുതിർത്തത്. എന്നാൽ ആർക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്നലെ രാത്രി കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കേസില്‍ ആറുപ്രതികളെ പിടികൂടിയിരുന്നു. രണ്ടുപേര്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണ്ടറയില്‍ എത്തിയത്.
വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെട്ടു.