നരബലി കേസ്: തെളിവെടുപ്പ് തുടരുന്നു; റോസ്‍ലിനെ കൊല്ലാനുപയോഗിച്ച കത്തികള്‍ കണ്ടെടുത്തു
ഇരട്ട നരബലി കേസിൽ തെളിവെടുപ്പ് തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മൂന്ന് പ്രതികളേയും വീണ്ടും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ റോസ്‌ലിനെ കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികൾ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെടുത്തു. ഇലന്തൂർ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ ഭഗവൽ സിംഗ് പണയം വെച്ച റോസ്‍ലിന്‍റെ മോതിരവും കണ്ടെത്തി.
ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവത് സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്. രാവിലെ പത്തരയ്ക്കാണ് ഷാഫിയേയും ഭഗവത് സിങ്ങിനേയും ലൈലയേയും സംഭവം നടന്ന വീട്ടിലെത്തിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനകത്തും പരിശോധന നടന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
നേരത്തെ റോസ്‍ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തിയിരുന്നു. ഇത് എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. വസ്‌തുക്കൾ ബന്ധുക്കൾ സ്‌ഥിരീകരിച്ചതായാണു വിവരം. ഇവ കൂടുതൽ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.